Latest Updates

തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് മരണം. തമിഴ്‌നാട് മേഖലയിലാണ് സംഭവം. മുത്തശ്ശിയും രണ്ടര വയസുകാരിയായ കുഞ്ഞിനുമാണ് ദാരുണാന്ത്യം സംഭവിച്ചത്. ഹസ്സല (52), കൈക്കുഞ്ഞായ ഹേമശ്രീ എന്നിവരാണ് മരിച്ചത്. വാല്‍പ്പാറയ്ക്ക് സമീപം ഉമ്മാണ്ടി മുടുക്ക് എസ്റ്റേറ്റിന്റെ അഞ്ചാമത്തെ ഡിവിഷനിലായിരുന്നു പുലര്‍ച്ച രണ്ടരയോടെ ആക്രമണം. വീടിന് സമീപം എത്തിയ കാട്ടാന ജനല്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു കാട്ടാന ഇരുവരെയും ആക്രമിക്കുകയായിരുന്നു. അഞ്ച് പേരായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. രാത്രി കിടന്നുറങ്ങുന്നതിനിടെ പുറത്ത് കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ കുടുംബം ഭയന്നിരിക്കുമ്പോഴായിരുന്നു ജനല്‍ തകര്‍ക്കാന്‍ ആന ശ്രമിച്ചത്. ഇതോടെ പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാന്‍ വീടിന് മുന്നിലേക്ക് ഇറങ്ങിയതായിരുന്നു മുത്തശ്ശിയും കുഞ്ഞും. വീടിന് മുന്നിലും കാട്ടാന നിലയുറപ്പിച്ച വിഷയം ഇവര്‍ക്ക് ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. മുന്നിലുണ്ടായിരുന്ന കാട്ടാന ഇരുവരെയും എടുത്ത് എറിയുകയായിരുന്നു. ആക്രമണത്തിന് ഇരയായ കുഞ്ഞ് തല്‍ക്ഷണം മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയായിരുന്നു മുത്തശ്ശിയുടെ മരണം. ഇരുവരുടെയും മൃതദേഹം വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Get Newsletter

Advertisement

PREVIOUS Choice